സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ പ്രധാന ടൗണുകളില്‍ ജനത്തിരക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ തുടരുന്നതിനുപിന്നാലെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇതോടെ ടൗണിലെ തിരക്ക് കുറഞ്ഞു. ഇതരജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ വരവ് കുറഞ്ഞതും ജില്ലയില്‍ നിന്നുള്ള അനാവശ്യ യാത്രകള്‍ പലരും ഒഴിവാക്കിയതും ടൗണുകളിലെ തിരക്ക് കുറയാന്‍ കാരണമായി. രാവിലെ തുറന്ന ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതോടെ ഉച്ചയ്ക്കുമുമ്പേ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഹോട്ടലുകളിലും സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. സ്വകാര്യ ബസ് സര്‍വീസുകളിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.
മഴ മുന്നറിയിപ്പും മോശം കാലാവസ്ഥയും കണക്കിലെടുത്ത് ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതോടെയാണ് ജില്ലയുടെ വ്യാപാര, ഗതാഗത മേഖലകളില്‍ നിശ്ചലാവസ്ഥ അനുഭവപ്പെട്ടത്.